09:18am 04 May 2026
NEWS
കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനെതിരെ യുദ്ധപ്രഖ്യാപനവുമായി കേന്ദ്രമന്ത്രി കുമാരസ്വാമി വീണ്ടും
07/04/2025  03:32 PM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനെതിരെ യുദ്ധപ്രഖ്യാപനവുമായി കേന്ദ്രമന്ത്രി കുമാരസ്വാമി വീണ്ടും

ബംഗളുരു: ഒരു ഇടവേളക്ക് ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം കുമാരസ്വാമിയ്ക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട്. സിദ്ധരാമയ്യയെയും ശിവകുമാറിനെയും പോലെ കുമാരസ്വാമിയും പഴയ മൈസൂരു മേഖലയിൽ നിന്നുള്ള നേതാവാണ്.ഈ മേഖലയിലെ വൊക്കലിഗ ബെൽറ്റ്‌ ജെഡി എസ്സിന്റെ ശക്തിദുർഗ്ഗമായിരുന്നു. 2023ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയും ശിവകുമാറും കൈകോർത്ത് മുന്നേറിയാണ് വൊക്കലിഗ ബെൽറ്റിൽ ജെഡിഎസ്സിനെ വല്ലാതെ ക്ഷീണിപ്പിച്ചുകളഞ്ഞത്. ജെഡി എസ്സിനെ നയിക്കുന്ന മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ്സ് നേതാക്കളുടെ നീക്കം. സംസ്ഥാനഭരണം പിടിച്ചെടുത്തശേഷം സിദ്ധരാമയ്യയും ശിവകുമാറും ആ ആക്രമണം ഒന്നുകൂടി കടുപ്പിച്ചു. കുമാരസ്വാമിയുടെ സഹോദരപുത്രനും മുൻ ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് മാസങ്ങളോളമായി ജയിലിലാണ്. എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച് പ്രജ്വലിനെ കുരുക്കിയത് സിദ്ധരാമയ്യയും ശിവകുമാറുമാണെന്ന് ദേവഗൗഡ കുടുംബത്തിന് നന്നായറിയാം. കുമാരസ്വാമിയുടെ സ്വന്തം മണ്ഡലമായ ചന്നപട്ടണയിൽ, അദ്ദേഹം നിയമസഭ അംഗത്വം രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മകൻ നിഖിലിനെയാണ് കുമാരസ്വാമി ജെഡിഎസ്സ് സ്ഥാനാർത്ഥിയാക്കിയത്. ബിജെപി ജെഡിഎസ്സി നൊപ്പമുണ്ടായിരുന്നു. പക്ഷെ മുൻമന്ത്രി സി പി യോഗേശ്വറിനെ ബിജെപിയിൽ നിന്ന് അടർത്തിയെടുത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കി സിദ്ധരാമയ്യയും ശിവകുമാറും ചന്നപട്ടണ പിടിച്ചെടുക്കുകയായിരുന്നു. ആ തോൽവി വലിയ ആഘാതമാണ് കുമാരസ്വാമിയ്ക്കും ജെഡിഎസ്സിനും ഉണ്ടാക്കിയത്. രാമനഗർ ജില്ലയിലെ കെദഗനഹള്ളിയിൽ പതിനാല് ഏക്ര സർക്കാർഭൂമി കയ്യേറിയാണ് കുമാരസ്വാമി ഫാംഹൗസ് നിർമ്മിച്ചതെന്ന ആരോപണമുണ്ടായിരുന്നു. അതിന്റെ പേരിൽ കേസ്സും നിലവിലുണ്ട്. ആ ഭൂമി തിരിച്ചുപിടിക്കാൻ സിദ്ധരാമയ്യയും ശിവകുമാറും കർശനനടപടികൾ സ്വീകരിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു നടപടിയെങ്കിലും അതും കുമാരസ്വാമിയ്ക്ക് ക്ഷീണമായി.ഈയൊരു പശ്ചാത്തലത്തിൽ സിദ്ധരാമയ്യ ഗവണ്മെന്റിന്റെ ദുഷ് ചെയ്തികളും ജനവിരുദ്ധ നടപടികളും തുറന്നുകാട്ടാനൊരുങ്ങുകയാണ് കുമാരസ്വാമി. വൈദ്യുതിനിരക്ക്, പാൽ, തൈര്, ഡീസൽ എന്നിവയുടെ വില വീണ്ടും വർദ്ധിപ്പിച്ച് ഗവണ്മെന്റ് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.  "കോൺഗ്രസ്സ് ഗവണ്മെന്റ് അഴിമതിയിൽ മുങ്ങിയിരിക്കയാണ്. മുഡ കേസ്സിൽ നിന്ന് രക്ഷപ്പെടാൻ സിദ്ധരാമയ്യയ്ക്ക് കഴിയില്ല. ശിവകുമാർ പ്രശ്നങ്ങളുടെ നടുവിലാണ്. മുമ്പ് എസ് എം കൃഷ്ണയുടെ കീഴിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ ബെല്ലാരിയിൽ നിന്ന് ഇരുമ്പയിർ കടത്താൻ കൂട്ടുനിന്നത് ശിവകുമാർ ആണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അത് തെളിയിക്കാൻ ഒരു ടൺ തെളിവ് കിട്ടിയിട്ടുണ്ട്. രണ്ടുനേതാക്കളുടെയും അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടാനായി സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും" മുൻ മുഖ്യമന്ത്രി കൂടിയായ കേന്ദ്രമന്ത്രി പറഞ്ഞു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും ഏറ്റവും വലിയ വിമർശകനായ കുമാരസ്വാമി ഏതാനും മാസമായി നിശബ്ദനായിരുന്നു. ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. കുമാരസ്വാമി കടുത്ത വിമർശനവുമായി വീണ്ടും എത്തുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനും തലവേദനയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img